Saturday 4 February 2012

ഉണരുന്ന പകല്

നിന്റെ വികാരങ്ങളെ
പൊതിഞ്ഞ തൊലിയില്‍
വിചാരങ്ങള്‍ ശ്വാസം മുട്ടി
അര്‍ദ്ധ പ്രാണനായി


ചവറുകള്‍ നിറച്ച മെത്തയില്‍
വലിഞ്ഞു മുറുകുന്ന ശ്വാസം
ഇടറിയ ശബ്ദത്തോടെ
ജീവനുണ്ടെന്നു അറിയിക്കുന്നു.


കറുത്ത മേഘത്തില്‍ നിന്നു
ശേഷിച്ച  തുള്ളിനീരുകളെ
വീണു പതിക്കാന്‍ അനുവദിക്കാതെ
സമരം ചെയ്യുന്ന ഇളം സമയങ്ങള്‍ 


പാതി വെളുത്ത കറുത്ത മേഘങ്ങള്‍
നോവിന്റെ കാവല്കാരനായി
വികാരം വിചാരത്തെ കയ്യോഴിയാതെ
സമയം ആയുധമാക്കി സമരം ചെയ്യുന്നു


പ്രത്യാശയുടെ ലയനത്തില്‍
വെളുത്ത വിത്തുകള്‍
പുതു മണ്ണിനെ പുണര്‍ന്നു
ഓരോ യുഗങ്ങളുടെയും
ഇരുണ്ട പുറം തോടിനെ തള്ളി മാറ്റി
കറുത്ത പക്ഷത്തു നിന്നു
വെളുത്ത പക്ഷത്തിലേക്ക്
ശക്തിയുടെ കുണ്ടലവും അണിഞ്ഞു
എനിക്ക് വേണ്ടെന്നറിയിക്കുന്നു  .


ഇടറിയ ശബ്ദങ്ങളുടെ നോവറിഞ്ഞും
ചുരുങ്ങലുകളുടെ മനസ്സറിഞ്ഞും
ബന്ധനത്തിലായ മാറിന്റെ
പാതിയായ  ശ്വാസങ്ങളുടെ ജീവന് വേണ്ടി
പരിശ്രമത്തിന്റെ ആദ്യാക്ഷരം
നാവില്‍ കുറിക്കുന്നു

അമ്മക്ക്

ഇരുട്ടിലാണെന്റെ അമ്മ
വെളിച്ചം തേടി നടന്നു നീങ്ങിയത്
കിണറ്റിന്‍ കരയിലേക്ക്
വെള്ളം ഉണ്ടെന്നു കരുതി
കോരിയെടുത്തത്‌ പുഴുക്കള്‍
കണ്ണിന്റെ കാഴ്ച അമ്മയെ
തള്ളി വീഴ്ത്തിയത്
കയറി വരാന്‍ പറ്റാത്ത
ചോര നിറഞ്ഞ കുഴികളുടെ
ബലി കര്‍മ്മങ്ങള്‍ നടന്ന
പൂക്കളുടെ ശവങ്ങള്‍ നിറഞ്ഞ
പൂന്തോട്ടത്തില്‍

സ്വാതന്ത്ര്യം

എന്റേത് മാത്രം
എന്തും ചെയ്യുവാന്‍ ഉള്ളതാണ്
ആഗ്രഹിക്കുന്നത് ചെയ്യുവാന്‍ ആണ്
ആരുടെ ഹനിക്കുന്നു എന്ന് കാണേണ്ട
എന്‍റെ  സ്വാതന്ത്ര്യം
ഇത് ഞാന്‍ എഴുതിപിടിപ്പ്ച്ചു
നിന്റെ മക്കളില്‍ കൊതി കൂട്ടും
വെട്ടിപിടിക്കുവാന്‍
അടക്കി വെക്കുവാന്‍
സ്വാതന്ത്ര്യത്തിനു പുതിയ അര്‍ഥം നല്‍കും
അതില്‍ ത്രിപ്തരായവര്‍
കാര്യം തേടാതെ
കാരണം അറിയാതെ
ഭിന്നിപ്പില്‍ ശോഷിച്ചു
എനിക്കുറങ്ങുവാന്‍ കാവല്‍ നില്‍ക്കും
എന്‍റെ പിന്‍ഗാമികളായി
നിന്നെ വീണ്ടും വീണ്ടും
എന്റെതാക്കി മാറ്റും

ആധുനിക സ്വാതന്ത്ര്യത്തിന്റെ സത്യവാചകം

അന്ന് രാത്രിയായിരുന്നു
നീ മുന്നില്‍ നടന്ന കാലത്ത്
ഞാന്‍ പിന്നില്‍ ആയിരുന്നു
പിന്നീട് ഒപ്പം നടക്കാന്‍
എനിക്ക് അറിവായി


ഭൂമിയുടെ കറക്കത്തില്‍
ഒരു സമയത്ത് പതിയിരുന്നു
മണ്ണും വിണ്ണും പുഴയും കടലും
അടക്കയും നാളികേരവും
വഴിയും വീടും ഉറക്കവും ബോധവും
ആഘോഷങ്ങളും അട്ടഹാസങ്ങളും
തൂമ്പയും കൈകോട്ടും
കോടാലിയും വാളും
എന്‍റെ സ്വന്തമായ് മാത്രം
നിനക്ക് വേണ്ടതെല്ലാം
എന്നില്‍ നിന്നു തേടണം




പിന്നെ ഞാന്‍ മുന്നിലും
നീ പിന്നിലും ആയി


ധാന്യപുരക്കും  ആയുധപുരക്കും
കാവല്‍ക്കാരെ നിയമിച്ചു
നിയമ പുസ്തകങ്ങളെഴുതി
അതിരുകളും കോട്ടകളും നിര്‍മ്മിച്ച്‌
അപ്പുറവും ഇപ്പുറവും
രാത്രിയും പകലും
നിയമത്തിന്‍ കീഴിലാക്കി
എന്‍റെ ഭാഗം ഉറപ്പിച്ചു


വീഴുന്നവര്‍ ഗതിയില്ലാത്തവര്‍
അവരെ വിധിയില്‍ തളച്ചിടാം
ആരോപിക്കരുത് കുറ്റമെന്നില്‍
അവരെ ദൈവത്തിന്റെ മുന്നിലേക്ക്‌
പറഞ്ഞുവിടാന്‍ കാരണങ്ങള്‍ കണ്ടെത്താം


കര കാണാന്‍ ശ്രമിച്ചവരെ 
ചുട്ടു കരിച്ചു തള്ളി നീക്കി  
വാടി വീണ ഹൃദയങ്ങലെല്ലാം
ചേര്‍ത്തു വെച്ചു കൊത്തിപണിത്
വിരുന്നു മുറിയില്‍ ഒരുക്കി വെച്ചു
നാല്കാലിക്ക് പകരം ഇരുകാലിയെ വെച്ചു


നിന്നെയും
വളര്‍ത്തി സുന്ദരിയാക്കി
അണിയിച്ചൊരുക്കി
നിന്റെ സിന്ദൂരം തുടച്ചു മാറ്റിയും
വീണ്ടുമണിയിച്ചും
സുഗന്ധ ദ്രവ്യത്തില്‍ മുക്കി
പഴച്ചാറുകള്‍  നല്‍കി
ലഹരിയില്‍ കിടത്തിയുറക്കി
എനിക്ക് രമിക്കുവാന്‍
എന്‍റെ ശീലങ്ങളുടെ മെത്തയാക്കി


നിന്നെ കൊതിയുള്ളവളാക്കി
നിന്നെയും എന്‍റെ സ്വത്താക്കി മാറ്റി 


നിന്റെ നെറ്റിയില്‍നിന്നൂറിയ  
വിയര്‍പ്പിന്‍ കണങ്ങള്‍ തന്നെ
ചുവപ്പ് തുള്ളികളായി വന്നു
നിന്നോട് കൂറ് കാണിച്ച മക്കള്‍
എന്‍റെ രതി നിര്‍വേദത്തിനു  
തടസ്സം നിന്നവര്‍

അകലെ,

കണ്ണെത്തുന്ന നിറങ്ങളില്‍
അകന്നു നില്‍കുന്ന 
എന്റെയും നിറം കാണാം
എത്തിപിടിക്കുവാന്‍ സാധിക്കാതെ
അവയെല്ലാം തെന്നി മാറുന്നു


ഒന്നൊന്നായ്
എന്നില്‍ നിന്നും
ദൂരേക്ക്‌ വീണത്‌
അളക്കുവാന്‍
ബാക്കി വെച്ച ദൂരങ്ങള്‍
ഇനി അളന്നു തൂക്കിയെടുക്കുവാന്‍  
തെളിവിന്നായ്
അവര്‍ക്കിഷ്ട്ടപെട്ട ഈ രൂപത്തെയും
എന്റെതുമാത്രമായ  ഇഷ്ട്ടങ്ങളെയും
താങ്ങി നിര്‍ത്തിയ
ആരും തൊടാതെ തേമാനം വന്ന
അസ്ഥി മാത്രം

മകള്

ഞാന്‍
മകളായിരുന്നു
കാമുകിയായിരുന്നു
ഭാര്യയായിരുന്നു
പിന്നെ
അമ്മയായിരുന്നു
ഇന്ന്
ഭര്‍ത്താവും
അച്ഛനും
അമ്മയും
ഉണ്ടായിട്ടും
വിധവയും
അനാഥയും
ആയി കഴിയുന്നു
ഓരോ ദിവസവും
ഓരോരുത്തരുടെ
വിധവയായി
നാളെയുടെ
വധത്തിനായി
കാത്തിരിക്കുന്നു
ജീവിക്കല്‍


നിന്റെ ചുണ്ടിനെ
നീ നിറങ്ങളില്‍ ചാലിക്കുമ്പോള്‍
എന്‍റെ ചുണ്ടില്‍ നിന്നു
ചോരയുടെ നിറം പൊടിയുന്നു


നീറ്റലിന്റെ നിറം മാത്രം ചേരുന്ന
എന്‍റെ ചുണ്ടുകളില്‍
വീണ്ടും അമരുന്നതും
നീറ്റല്‍ മാത്രം


നിത്യവും
കറുത്ത സമയത്തും
വെളുത്ത സമയത്തും
ഒളിച്ചിരുന്നും അല്ലാതെയും
കടിച്ചു മാറ്റിയെടുത്ത
മാംസം കണ്ടവര്‍

എന്റെ കുട്ടികവിതകള്

1.മാരാരോന്നു കൊട്ടി
ചെണ്ടയോന്നു ഞെട്ടി
ആനയോന്നാടി
പാപ്പനോന്നു ഞെട്ടി
ആനയോന്നു ചീറ്റി
പാപ്പാനോന്നു വീണു
പപ്പനോന്നെഴുന്നേറ്റു
ആനക്കൊലോന്നെടുത്തു
പപ്പാനോന്നു കൊടുത്തു
ചെണ്ടയിട്ടു മാരാരോടി



2.
ഉത്തരത്തില്‍ പല്ലി
ഉത്തരത്തിനു പുള്ളി
ഉത്തരയെ നുള്ളി
ഉത്തരക്ക് നൊന്തു
ഉത്തരം പറഞ്ഞു
ഉത്തമന്‍ ചിരിച്ചു




കുഞ്ഞു നക്ഷത്ത്രത്തിന്നെന്തു ചേല്
കുഞ്ഞി ചേലയുടുത്ത
കുഞ്ഞുണ്ണിക്ക് നല്ല ചേല്
നല്ല ചേലയുടുത്ത ഉണ്ണിത്താന്‍
ചാലില്‍ വീണപ്പോള്‍
തത്തരികിടതോം

3.
മഴവില്ലിന്‍
ഏഴു നിറം
മനതാരില്‍
നൂറു നിറം
മനമോന്നായാല്‍
ആയിരം നിറം


4.
കറുത്ത കണ്ണിന്നു
വെളുത്ത കാഴ്ച
കറുത്ത കോഴിക്ക്
വെളുത്ത മുട്ട
വെളുത്ത മുട്ട വിരിഞ്ഞപ്പോള്‍
കറുത്ത കോഴി പറഞ്ഞു
കൊക്കരക്കോ


5.
കുട്ടിത്വം നിറഞ്ഞാല്‍
കുട്ടിയെ പോലെ ചിരിക്കാം
കുട്ടിത്വം മാറിയാല്‍
കഴുതയെ പോലെ ചിരിക്കാം

6.
കടം വന്നാല്‍
കുടം പൊട്ടും
കുടം പൊട്ടിയാല്‍
ചുടലയില്‍ കിടക്കാം

7.
കടം വന്നാല്‍
കുടം പൊട്ടും
കുടം പൊട്ടിയാല്‍
ചുടലയില്‍ കിടക്കാം